ഡോ.സി.എച്ച്.ഹാരിസിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ച് യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസ് നടത്തിയ വെളിപ്പെടുത്തലിൽ വിമർശനം ഉണയിച്ച് മന്ത്രി സജി ചെറിയാൻ. ഡോ.ഹാരിസിന്റെ നടപടി അദ്ദേഹത്തിന്റെ സ്ഥാനത്തിനു യോജിച്ചതല്ലെന്നു മന്ത്രി പറഞ്ഞു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ചിലപ്പോൾ പഞ്ഞിയോ മരുന്നോ ഉപകരണങ്ങളോ കുറഞ്ഞു കാണും. ഇല്ലെന്നു പറയുന്നില്ല എന്നാൽ ഇങ്ങിനെ ആയിരുന്നില്ല ആ വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിനു യോജിച്ച രീതിയല്ലേ ഇത് എന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടർ അതു തിരുത്തിയിട്ടുണ്ട്. അതോടെ ആ വിഷയം അവസാനിച്ചുവെന്നും മന്ത്രി പറഞ്ഞു. അതിന്റെ പേരിൽ ആരോഗ്യമന്ത്രിക്കെതിരെ വലിയ വിമർശനമാണ് കോൺഗ്രസ് നടത്തുന്നത്. വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. ഇവർ പറയുമ്പോൾ രാജിവയ്ക്കാനാണോ മന്ത്രി ഇരിക്കുന്നതെന്നും സജി ചെറിയാൻ ചോദിച്ചു
ഡോ.ഹാരിസിന്റെ തുറന്നുപറച്ചലിൽ വിവാദം ശക്തമായതോടെ ഇന്നലെ ഹൈദരാബാദിൽനിന്ന് ഉപകരണങ്ങൾ വിമാനമാർഗം എത്തിക്കുകയും മുടങ്ങിയ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തിരുന്നു.ഡോക്ടറുടെ പരാമർശത്തെ തുടർന്ന് മറ്റ് ആശുപത്രികളിലും മരുന്നും ഉപകരണങ്ങളും കുറവാണ് എന്ന പരാതികൾ ഉയരുകയാണ്