ലഹരി കടത്ത്; പാർട്ടി പുറത്താക്കിയ ആൾക്കൊപ്പം വേദി പങ്കിട്ട് മന്ത്രി സജി ചെറിയാൻ; വിവാദം
ആലപ്പുഴയിൽ പാർട്ടി പുറത്താക്കിയ ആൾക്കൊപ്പം വേദി പങ്കിട്ട് മന്ത്രി സജി ചെറിയാൻ. നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ കേസുമായി ബന്ധപ്പെട്ട് സിപിഎം പുറത്താക്കിയ എ ഷാനവാസിനൊപ്പം ആണ് മന്ത്രി വേദി പങ്കിട്ടത്. ശനിയാഴ്ച ആലപ്പുഴ കാളാത്ത് നടന്ന സിപിഎമ്മിന്‍റെ സ്നേഹവീട് എന്ന പരിപാടിയുടെ താക്കോൽദാന ചടങ്ങിൽ ആയിരുന്നു മന്ത്രിക്കൊപ്പം ഷാനവാസത്തിയത്.
ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറും എംഎൽഎയുമായ പി പി ചിത്തരഞ്ജനും വേദിയിലുണ്ടായിരുന്നു. കാളാത്ത് വാർഡ് കൗൺസിലർ ആണ് ഷാനവാസ്. പുറത്താക്കിയ ആളെ പാർട്ടി പരിപാടിയിൽ വേദിയിൽ ഇരുത്തിയത് പാർട്ടിക്കുള്ളിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. സിപിഎം നോർത്ത് ഏരിയ കമ്മിറ്റി അംഗവും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ഷാനവാസിനെ ലഹരി കടത്ത് കേസിൽ ആരോപണ വിധേയനായതിനെ തുടർന്ന് കഴിഞ്ഞവർഷമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
അതേസമയം, ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പൊലീസുമായി വാക്കേറ്റമുണ്ടായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ച മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ച്. പ്രതിഷേധക്കാരെ പൊലിസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.