മന്ത്രി സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമർശം: സിപിഐഎമ്മിന് അതൃപ്തി, പാർട്ടി നിലപാടിന് വിരുദ്ധമെന്ന് വിലയിരുത്തൽ
മന്ത്രി സജി ചെറിയാന്റെ സ്വകാര്യ ആശുപത്രിയെ അനുകൂലിച്ച വിവാദപരാമർശം സിപിഐഎം നേതൃത്വത്തിൽ അതൃപ്തി. അനാവശ്യ പ്രസ്താവനയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.പ്രതിപക്ഷത്തിന് ആയുധം നൽകുന്നതായി സജി ചെറിയാൻറെ പ്രസ്താവന. പൊതുജനാരോഗ്യ രംഗത്തെ മുന്നേറ്റങ്ങൾ പാർട്ടി നിരന്തരം ഉയർത്തി പറയുമ്പോൾ, പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെ പരാമർശം അതിന് വിരുദ്ധമെന്നാണ് വിലയിരുത്തൽ.
2019-ൽ അസുഖബാധിതനായി മരിക്കാറായതാണെന്നും സ്വകാര്യ ആശുപത്രിയിലെ ചികിത്സ കൊണ്ടാണ് രക്ഷപ്പെട്ടതെന്നുമായിരുന്നു സജി ചെറിയാൻ പറഞ്ഞിരുന്നത്. സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയപ്പോഴാണ് താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് സജി ചെറിയാൻ പറഞ്ഞു. അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്ന് മന്ത്രി പറഞ്ഞിരുന്നു. പരാമർശം വിവാദമായതോടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തി. പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യങ്ങളെക്കുറിച്ചാണ് താൻ സൂചിപ്പിച്ചത് എന്നും മന്ത്രി പറഞ്ഞു
