മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു ; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്ലിം ലീഗ്
മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതികൾ ഉയർന്നതോടെ ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്ലിം ലീഗ്. വെള്ളിയാഴ്ച രാവിലെ പാണക്കാട്ടാണ് യോഗം ചേരുക. 'പാണക്കാട് ചായസൽക്കാരം' എന്ന പേരിലാണ് യോഗം സംഘടിപ്പിക്കുന്നത്.
മന്ത്രിമാരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. പേഴ്സണൽ സ്റ്റാഫ് നിയമനം, പി.എം. ശ്രീ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിലെ വീഴ്ചകളും യോഗത്തിന്റെ പരിഗണനയിലുണ്ടാകും.
കോൺഗ്രസ് എംഎൽഎമാർ നൽകുന്ന പരിഗണന പോലും ലീഗ് എംഎൽഎമാരിൽ നിന്നോ മന്ത്രിമാരിൽ നിന്നോ അണികൾക്ക് ലഭിക്കുന്നില്ലെന്ന വിമർശനമാണ് പാർട്ടിക്കുള്ളിൽ ഉയർന്നിരിക്കുന്നത്. മന്ത്രിമാർ പാർട്ടിക്ക് അതീതമായി പ്രവർത്തിക്കുന്നുവെന്നും, മന്ത്രിമാർക്കിടയിൽ ഏകോപനമില്ലെന്നുമുള്ള പരാതികളും ഉയർന്നു.
പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്കൊപ്പം നിൽക്കുന്ന പ്രവർത്തകരെ അവഗണിച്ച് മന്ത്രിമാർ ഇഷ്ടക്കാരെ മാത്രം പരിഗണിക്കുന്നുവെന്ന വിമർശനം എം.എസ്.എഫ് നേരത്തെ ഉന്നയിച്ചിരുന്നു. മന്ത്രിമാർ ഒരു തസ്തികയിലേക്കും സ്വന്തം പാർട്ടി പ്രവർത്തകരെ പരിഗണിച്ചില്ലെന്നും, വിഷയത്തിൽ ലീഗ് നേതൃത്വം ഇടപെടണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടിരുന്നു.
