പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഝാർഖണ്ഡ് സ്വദേശിക്കെതിരേ ലുക്കൗട്ട് നോട്ടീസ്

  1. Home
  2. Kerala

പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഝാർഖണ്ഡ് സ്വദേശിക്കെതിരേ ലുക്കൗട്ട് നോട്ടീസ്

Police


മൂന്നാറിൽ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ.് ഝാർഖണ്ഡ് സ്വദേശിയായ സെലനെതിരേയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്നാണ് നിർദേശം. ഇയാൾക്കൊപ്പം ഭാര്യ സുമരി ബുർജോയെയും കഴിഞ്ഞദിവസം മുതൽ കാണാതായിട്ടുണ്ട്. ഇവരുടെ ഫോട്ടോയും മറ്റുവിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് മൂന്നാർ ചിട്ടിവര എസ്റ്റേറ്റിൽ അതിഥിത്തൊഴിലാളികളുടെ മകളായ പതിനൊന്നുകാരി പീഡനത്തിനിരയായത്. കുട്ടിയെ വീടിനുസമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ഝാർഖണ്ഡ് സ്വദേശികളായ തോട്ടംതൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ, വീടിനുസമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയിൽ കണ്ടെത്തി. ഈസമയത്ത് കുട്ടിയോടൊപ്പമുണ്ടായിരുന്ന പ്രതി ഓടിരക്ഷപ്പെട്ടു. തുടർന്നാണ്, മാതാപിതാക്കൾ മൂന്നാർ പോലീസിൽ പരാതി നൽകിയത്. പ്രതിയുടെപേരിൽ പോക്സോ വകുപ്പനുസരിച്ച് കേസെടുത്തതായി മൂന്നാർ എസ്.എച്ച്.ഒ. രാജൻ കെ. അരമന പറഞ്ഞു. ഇതിനിടെയാണ് ഭാര്യയ്ക്കൊപ്പം പ്രതി കടന്നുകളഞ്ഞതായി കണ്ടെത്തിയത്. തുടർന്നാണ് പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

munnar