പെരുമ്പാവൂരിൽ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡൽ പാറമടയിൽ മുങ്ങി മരിച്ചു
പെരുമ്പാവൂരിൽ പരസ്യ ചിത്രീകരണത്തിന് എത്തിയ യുവ മോഡൽ മുങ്ങി മരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷു ജോഷിയാണ് മരിച്ചത്. പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. പരസ്യ ചിത്രീകരണത്തിനുവേണ്ടി സംഘത്തിലുള്ളവർ ലൊക്കേഷൻ നോക്കുന്നതിനിടെ ദിയാൻഷു ജോഷി പാറമടയിലെ വെള്ളത്തിൽ നീന്താൻ ശ്രമിക്കവെയായിരുന്നു അപകടം.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുണിമിലിന്റെ പരസ്യ ചിത്രീകരണത്തിനാണ് പെരുമ്പാവൂരിൽ എത്തിയത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇതിന് മുൻപും ഇതേ പാറമടയിൽ യുവാക്കൾ മരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തുടർന്ന് പാറമടയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. പാറമടയുടെ ആകാശദൃശ്യങ്ങൾ റീൽസിൽ കണ്ട പരിചയമാണ് സംഘത്തെ ഇവിടേക്ക് എത്തിച്ചത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് സംഘം ഷൂട്ടിങ്ങിന് എത്തിയതെന്നാണ് വിവരം.
