ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ തള്ളി; മോഹൻലാൽ കോടതിയിൽ നേരിട്ട് ഹാജരാകണം

  1. Home
  2. Kerala

ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ തള്ളി; മോഹൻലാൽ കോടതിയിൽ നേരിട്ട് ഹാജരാകണം

Mohanlal


ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാൽ കോടതിയിൽ നേരിട്ട് ഹാജരാകണം. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ പരിഗണിക്കവേയാണ് മോഹൻലാലും മറ്റ് പ്രതികളും നവംബർ മൂന്നിന് നേരിട്ട് ഹാജരാണമെന്ന് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചത്. കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളി.

കേസിൽ ഒന്നാം പ്രതിയാണ് മോഹൻലാൽ. തൃശൂർ സ്വദേശി പി.എൻ.കൃഷ്ണകുമാർ,? തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാർ,? നളിനി രാധാകൃഷ്ണൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നാല് ആനക്കൊമ്പുകൾ കണ്ടെടുക്കുകയായിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് മോഹൻലാൽ ആനക്കൊമ്പുകൾ സൂക്ഷിച്ചതെന്നും പിന്നീട് വ്യക്തമായി. കെ. കൃഷ്ണകുമാർ എന്നയാളിൽ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകൾ വാങ്ങിയതെന്നായിരുന്നു മോഹൻലാലിന്റെ വിശദീകരണം.

വനം വകുപ്പ് ആദ്യം കേസെടുത്തെങ്കിലും പിന്നീട് അതു റദ്ദാക്കി. പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വെയ്ക്കാൻ സർക്കാർ അനുമതി നൽകുകയും ചെയ്തു. എന്നാൽ ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിനു നൽകിയ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന നിലപാട് തന്നെയാണ് സർക്കാരും സ്വീകരിച്ചത്.