ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ മോഹൻലാൽ; ഡി.എഫ്.ഒയ്ക്ക് അപേക്ഷ നൽകി

  1. Home
  2. Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ മോഹൻലാൽ; ഡി.എഫ്.ഒയ്ക്ക് അപേക്ഷ നൽകി

mohanlal


തന്റെ കൈവശമുള്ള ആനക്കൊമ്പുകൾ വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് വനംവകുപ്പിന് അദ്ദേഹം ഔദ്യോഗികമായി അപേക്ഷ നൽകി. മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (DFO) പി. കാർത്തിക് ഐ.എഫ്.എസിനാണ് കഴിഞ്ഞ മാർച്ചിൽ മോഹൻലാൽ അപേക്ഷ സമർപ്പിച്ചത്. ഈ അപേക്ഷ തുടർനടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറിയിട്ടുണ്ട്. ഹൈക്കോടതിയുടെ മുൻകാല നിരീക്ഷണങ്ങളെത്തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് (Amnesty scheme) സൗകര്യം പ്രയോജനപ്പെടുത്തിയാണ് മോഹൻലാൽ ആനക്കൊമ്പ് കൈമാറാൻ തീരുമാനിച്ചത്. അപേക്ഷ ലഭിച്ചതിന് പിന്നാലെ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിലെത്തി പ്രാഥമിക അന്വേഷണം നടത്തിക്കഴിഞ്ഞു.

നേരത്തെ, മോഹൻലാലിന്റെ കൈവശമുള്ള രണ്ട് ജോഡി ആനക്കൊമ്പുകൾക്കും ആനക്കൊമ്പിൽ തീർത്ത 13 കരകൗശല വസ്തുക്കൾക്കും മുൻപ് നൽകിയിരുന്ന ഉടമസ്ഥതാ സർട്ടിഫിക്കറ്റ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ അന്നുണ്ടായ നടപടി. എന്നാൽ, വ്യക്തികൾക്ക് തങ്ങളുടെ കൈവശമുള്ള വന്യജീവി ഉൽപന്നങ്ങളുടെ ശേഖരം വെളിപ്പെടുത്തുന്നതിനും നിയമനടപടികളിൽ നിന്ന് പരിരക്ഷ നേടുന്നതിനുമായി 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 40(4) വകുപ്പ് പ്രകാരം സർക്കാരിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വനംവകുപ്പ് പൊതുമാപ്പ് ആനുകൂല്യം പ്രഖ്യാപിച്ചത്.

2011 ഓഗസ്റ്റിൽ മോഹൻലാലിന്റെ കൊച്ചി തേവരയിലുള്ള വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്ന് കേസ് വനംവകുപ്പിന് കൈമാറുകയായിരുന്നു. ഇതിനിടെ, 2016-ൽ സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഈ ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം മോഹൻലാലിന് അനുവദിച്ച് നൽകിയിരുന്നു. നിയമപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശം വെക്കുന്നത് കുറ്റകരമാണ്. വർഷങ്ങളായി തുടരുന്ന നിയമവിവാദങ്ങൾക്കാണ് മോഹൻലാലിന്റെ പുതിയ തീരുമാനത്തോടെ അറുതിയാകുന്നത്.