കുട്ടനാടിന് വിഷുക്കൈനീട്ടവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍; സൗജന്യ ശുദ്ധജല പദ്ധതി യാഥാർത്ഥ്യമായി

  1. Home
  2. Kerala

കുട്ടനാടിന് വിഷുക്കൈനീട്ടവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍; സൗജന്യ ശുദ്ധജല പദ്ധതി യാഥാർത്ഥ്യമായി

mohanlal


നടൻ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ കുട്ടനാടിന് വിഷുക്കൈനീട്ടമായി സൗജന്യ ശുദ്ധജല പദ്ധതി സമ്മാനിച്ചു. ഫൗണ്ടേഷന്റെ 'ശാന്തിതീർത്ഥം' പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിലെ കണ്ടങ്കരി, മുരിക്കോൽമുട്ട്, നെടുമുടി വാർഡുകളിലെ ആയിരത്തോളം കുടുംബങ്ങൾക്കായി മൂന്ന് സോളാർ ഓട്ടോമേറ്റഡ് ആർ.ഒ പ്ലാന്റുകളാണ് സ്ഥാപിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ പദ്ധതിയുടെ പ്രവർത്തനം വിഷുദിനമായ ഏപ്രിൽ 14-ന് ആരംഭിച്ചു. ശുദ്ധജലക്ഷാമം രൂക്ഷമായ ഈ മേഖലകളിൽ വലിയൊരു ആശ്വാസമായാണ് പുതിയ സംരംഭം വിലയിരുത്തപ്പെടുന്നത്.

മണിക്കൂറിൽ 500 ലിറ്റർ ശുദ്ധജലം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റുകൾ. ഇതുവഴി ഓരോ കുടുംബത്തിനും ദിവസേന 20 ലിറ്റർ എന്ന കണക്കിൽ ഏകദേശം നാലായിരത്തോളം ആളുകൾക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാകും. വൈകുന്നേരം നാലുമണിക്ക് നടന്ന ചടങ്ങിൽ വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വീഡിയോ സന്ദേശത്തിലൂടെ മോഹൻലാലും പങ്കുചേർന്നു. സജീവ് സോമൻ, സ്മിത നായർ, എസ്.ബി.ഐ റീജിയണൽ മാനേജർ സുജിത് എസ്.ആർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സജീവമായ വിശ്വശാന്തി ഫൗണ്ടേഷൻ ഇതിന് മുമ്പും കുട്ടനാട്ടിൽ സമാനമായ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. 2023-ൽ എടത്വാ പഞ്ചായത്തിൽ 500 കുടുംബങ്ങൾക്കായി മണിക്കൂറിൽ 2000 ലിറ്റർ ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ പരിസ്ഥിതി, വിദ്യാഭ്യാസ മേഖലകളിലും ഫൗണ്ടേഷൻ സജീവമായ ഇടപെടലുകൾ നടത്തിവരികയാണ്.