കാലവർഷം നാളെയോടെ കേരളത്തിലെത്തും; രണ്ട് ചക്രവാതച്ചുഴികൾ, കനത്ത ജാഗ്രതാ നിർദ്ദേശം
തെക്കു പടിഞ്ഞാറൻ കാലവർഷം നാളെയോടെ കേരളത്തിൽ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്‌നാട്, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാനാണ് സാധ്യത. നിലവിൽ തെക്കൻ കേരള തീരത്തിന് സമീപമുണ്ടായിരുന്ന ചക്രവാതച്ചുഴി മധ്യ - കിഴക്കൻ അറബിക്കടലിനും കർണാടക തീരത്തിനും മുകളിലായും, മറ്റൊരു ചക്രവാതച്ചുഴി വടക്കൻ ആൻഡമാൻ കടലിന് മുകളിലായും സ്ഥിതിചെയ്യുന്നുണ്ട്.
അടുത്ത കുറച്ചു ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിച്ചേക്കാം. ജൂൺ അഞ്ചാം തീയതി മുതൽ ഏഴാം തീയതി വരെയും ഇതേ വേഗതയിൽ ശക്തമായ കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
മഴ കനക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് ജാഗ്രതയായിരിക്കും. അഞ്ചാം തീയതി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, ആറാം തീയതി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, ഏഴാം തീയതി കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും അഞ്ചാം തീയതി തെക്കൻ ജില്ലകളിലും യെല്ലോ അലർട്ടുണ്ടാകും. ആറാം തീയതിയും ഏഴാം തീയതിയും വിവിധ മധ്യ-തെക്കൻ ജില്ലകളിലും മലബാർ മേഖലകളിലും യെല്ലോ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
