ബാറുടമകളിൽ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അടക്കം ഏഴ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

  1. Home
  2. Kerala

ബാറുടമകളിൽ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അടക്കം ഏഴ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ashok kumar


ബാറുടമകളിൽ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തിൽ കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എസ്. അശോക് കുമാറിനെ സസ്‌പെൻഡ് ചെയ്തു. അശോക് കുമാറിന് പുറമെ എം. മാനുവൽ, ലാലു തങ്കച്ചൻ, പ്രവീൺ, ശിവാനന്ദ്, ടി. സന്തോഷ്, കെ. ഷിജു എന്നീ ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. എക്‌സൈസ് മന്ത്രി എം. ലിജുവിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ കടുത്ത നടപടി.

കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ വീട്ടിൽ വിജിലൻസിന്റെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പരിശോധന വേളയിൽ ചങ്ങനാശ്ശേരി പഞ്ചവടി ബാറിന്റെ ഉടമയെ അശോക് കുമാർ ഫോണിൽ വിളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാറുടമകളുടെ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അശോക് കുമാറുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

ബാറുകൾ സമയപരിധി ലംഘിച്ച് നേരത്തേ തുറക്കാനും വൈകി അടയ്ക്കാനും അശോക് കുമാർ ഒത്താശ ചെയ്തിരുന്നതായി എക്‌സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവു നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. സമയം നീട്ടിനൽകിയതിന് പുറമെ, ഈ ബാറുകളിൽ പരിശോധന നടത്തുന്നതിൽ നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ അദ്ദേഹം വിലക്കിയിരുന്നതായും ശബ്ദസന്ദേശങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ വ്യക്തമാക്കുന്നു.