'മാസപ്പടി കേരളം കണ്ട ഏറ്റവും വലിയ കൊള്ള'; കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്ന് മാത്യു കുഴൽനാടൻ
കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണ് മാസപ്പടിയുമായി ബന്ധപ്പെട്ട് നടന്നതെന്ന് കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ. വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തനിക്ക് ഏറെ പ്രയാസങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പോകാവുന്നത്ര ദൂരം പോകുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന് കരുതുന്നവർക്കുള്ള പാഠമാകും ഈ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ കേസെടുക്കണമെന്നാണ് ആവശ്യം. സമൂഹം സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർത്തയുടെ ഡയറിയിൽ കോൺഗ്രസ് നേതാക്കളുടെ പേരുണ്ടെന്ന വാർത്തയിലും മാത്യു കുഴൽനാടൻ പ്രതികരിച്ചു. ഇത്തരമൊരു കാര്യം ഭയപ്പെട്ടിരുന്നെങ്കിൽ താൻ ഇതിനെതിരെ രംഗത്തുവരില്ലായിരുന്നുവെന്നും ഈ പേരുകൾ ഇപ്പോൾ പുറത്തുവന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പേരുകളെക്കുറിച്ച് അറിഞ്ഞുകൊണ്ടുതന്നെയാണ് വിഷയത്തിൽ ഇടപെട്ടതെന്നും വ്യക്തമാക്കി.
യു.ഡി.എഫ് സർക്കാരിന് ഇക്കാര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും ഏറ്റവും മികച്ച നടപടി വേഗത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കേരളത്തെ ഞെട്ടിക്കുന്ന നിരവധി വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ടെന്നും, ഇത്രയധികം വിവരങ്ങൾ ലഭിച്ച സാഹചര്യത്തിൽ ഇ.ഡിക്ക് കേസെടുക്കാതിരിക്കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
