മാസപ്പടി കേസ്: വെള്ളിയാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് പിണറായി വിജയൻ; അസൗകര്യം അറിയിക്കും
സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വെള്ളിയാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് പിണറായി വിജയൻ. സി.പി.ഐ.എം സംസ്ഥാന സമിതി യോഗവും നിയമസഭാ സമ്മേളനത്തിനുള്ള തയ്യാറെടുപ്പുകളും ചൂണ്ടിക്കാട്ടി അസൗകര്യം അറിയിക്കാനാണ് തീരുമാനം. സുപ്രീംകോടതിയിലെ ഹർജിയിൽ തീരുമാനമുണ്ടാകുന്നതുവരെ ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ സാധ്യതയില്ലെന്നാണ് സൂചന.
അടുത്ത വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ.ഡി നിർദേശം നൽകിയിരിക്കുന്നത്. ഇന്നലെ പിണറായിയുടെ വസതിയിലെത്തിയ ഇ ഡി ഉദ്യോഗസ്ഥർ വീട്ടിൽ നോട്ടീസ് പതിച്ചിരുന്നു. ഈ മാസം 21ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇ.ഡി കേസിനെ പ്രതിരോധിക്കുന്ന കാര്യം ചർച്ച ചെയ്യും.
അതേസമയം, പിണറായി വിജയന്റെ വസതിയിൽ നോട്ടീസ് പതിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്നാണ് ഇ.ഡിയുടെ നിലപാട്. നടപടിക്രമങ്ങളുടെ ഭാഗമായാണ് നോട്ടീസ് പതിപ്പിച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ഹാജരായാൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കുമെന്നും ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. സമൻസിൽ പിണറായി വിജയൻ ഉടൻ മറുപടി നൽകും.
