മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ പെറ്റിഷൻ

  1. Home
  2. Kerala

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ പെറ്റിഷൻ

high court


മാസപ്പടി വിവാദത്തിൽ ആരോപണവിധേയരായവർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിയതിനെതിരെ ഹൈക്കോടതിയിൽ റിവിഷൻ പെറ്റിഷൻ. ഹർജി തള്ളിയ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിനെതിരെ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയിൽ റിവിഷൻ പെറ്റിഷൻ സമർപ്പിച്ചത്. ഹർജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, നേതാക്കന്മാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങി 12 പേർക്കെതിരെ അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ആദായനികുതി വകുപ്പിന്റെ ഇന്ററിം ബോർഡ് ഓഫ് സെറ്റിൽമെന്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷ് ബാബു വിജിലൻസ് കോടതിയിൽ പരാതി നൽകിയത്.

എന്നാൽ, ആരോപണങ്ങൾ മാത്രമാണ് ഹർജിയിലുള്ളതെന്നും, അതു സാധൂകരിക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ ഹർജിക്കാരനു കഴിഞ്ഞില്ലെന്നും വിജിലൻസ് ജഡ്ജി എൻ.വി.രാജു പറഞ്ഞു. ആദായ നികുതി ഇന്ററിം ബോർഡ് ഓഫ് സെറ്റിൽമെന്റ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രം അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.