മാസപ്പടി കേസ്:ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു; എഫ്ഐആറിനെ ഭയപ്പെടുന്നതെന്തിനെന്ന് മാത്യു കുഴൽനാടൻ
മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ചിന്റെ വിധി സ്വാഗതം ചെയ്ത് മാത്യു കുഴൽനാടൻ എംഎൽഎ. കേസെടുക്കാനാകില്ലെന്ന വാദം കോടതി പൂർണമായി തള്ളി. കൈകൾ ശുദ്ധമാണെങ്കിൽ എഫ്ഐആറിനെ ഭയപ്പെടുന്നതെന്തിനെന്നും പിണറായി വിജയൻ കേസ് നേരിടുക എന്നതാണ് ഇനി അഭികാമ്യമെന്നും കുഴൽനാടൻ പറഞ്ഞു.
മാസപ്പടി കേസിൽ അഡ്വക്കറ്റ് ജനറലിന്റെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. പ്രഥമദൃഷ്ട്യാ എഫ്ഐആർ നിലനിൽക്കില്ലെന്ന നിലപാട് എന്ത് അടിസ്ഥാനത്തിലാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ലെന്നും ബന്ധപ്പെട്ടവർ ഇക്കാര്യം പാർട്ടി വേദിയിൽ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യായമായ നിലപാടല്ല, നിയമപരമായ നിലപാടാണ് വേണ്ടതെന്നും കുഴൽനാടൻ പറഞ്ഞു.
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തവരുണ്ടെന്നും അന്ന് കേസ് സിബിഐക്ക് കൈമാറേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ ബിജെപിക്ക് വിട്ടുകൊടുക്കാൻ കഴിയാത്തതിനാലാണ് സിബിഐക്ക് പരാതി നൽകാതിരുന്നതെന്നും കുഴൽനാടൻ ആരോപിച്ചു. പിണറായി വിജയനോട് രാഷ്ട്രീയ മര്യാദ കാണിച്ചയാളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
