മൂത്തേടം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്: യുഡിഎഫിന് ഉജ്ജ്വല വിജയം; ഭൂരിപക്ഷം 222 വോട്ട്

  1. Home
  2. Kerala

മൂത്തേടം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്: യുഡിഎഫിന് ഉജ്ജ്വല വിജയം; ഭൂരിപക്ഷം 222 വോട്ട്

moothedam


മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സുബൈദ കൊരമ്പയിൽ മികച്ച വിജയം നേടി. 222 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സീറ്റ് നിലനിർത്തിയത്. ഇതോടെ ആകെയുള്ള 18 വാർഡുകളിൽ യുഡിഎഫ് 17, എൽഡിഎഫ് 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.

തിരഞ്ഞെടുപ്പിൽ യുഡിഎഫ് 501 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി സെബിനയ്ക്ക് 279 വോട്ടുകൾ ലഭിച്ചു. എൻഡിഎ സ്ഥാനാർഥി അനിതയ്ക്ക് 14 വോട്ടും സ്വതന്ത്ര സ്ഥാനാർഥിക്ക് ആറ് വോട്ടുമാണ് ലഭിച്ചത്. വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുടെ മരണത്തെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

വാർഡിൽ 84.21 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആകെ 950 വോട്ടർമാരിൽ 800 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 437 സ്ത്രീകളും 363 പുരുഷൻമാരും ഉൾപ്പെടുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ്ങിൽ നാല് ശതമാനത്തിന്റെ വർധനവുണ്ടായി. കാരപ്പുറം ക്രസന്റ് യുപി സ്‌കൂളിൽ നടന്ന വോട്ടെടുപ്പ് എടക്കര പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള കനത്ത സുരക്ഷയിലാണ് പൂർത്തിയായത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണമുന്നണിക്ക് കനത്ത തിരിച്ചടിയായാണ് യുഡിഎഫിന്റെ ഈ വമ്പിച്ച ഭൂരിപക്ഷത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.