കൊട്ടിയത്ത് പുക ശ്വസിച്ച് മുപ്പതിലേറെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം കൊട്ടിയത്ത് രൂക്ഷഗന്ധവും പുകയും ശ്വസിച്ചതിനെത്തുടർന്ന് മുപ്പതിലേറെ സ്കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കൊട്ടിയം ഓക്സിലിയം ഐ.എസ്.സി സ്കൂളിലെ കുട്ടികൾക്കാണ് ഇന്ന് ഉച്ചയോടെ അസ്വസ്ഥതകളുണ്ടായത്. ഉടൻ തന്നെ വിദ്യാർഥികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
സ്കൂളിന് ഏകദേശം 300 മീറ്റർ മാത്രം അകലെ പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുകയാണ് അപകടത്തിന് കാരണമായതെന്നാണ് ആക്ഷേപം. പ്ലാന്റിൽ നിന്നുള്ള പുക സമീപത്തെ ജനവാസ മേഖലകളിലേക്ക് പടരുന്നതിനെതിരെ നാട്ടുകാർ നേരത്തെയും പ്രതിഷേധമുയർത്തിയിരുന്നു.
പരാതികളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് നേരത്തെ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നുവെങ്കിലും, ഉടമകൾ കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടി പ്രവർത്തനം തുടരുകയായിരുന്നുവെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പ്ലാന്റിനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി സംബന്ധിച്ചും നാട്ടുകാർക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
സംഭവം ഗൗരവമായി കണ്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
