മോർഫിങ് കേസ് പ്രതി ലോഡ്ജിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
മോർഫിങ് കേസിലെ പ്രതി തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബു (26) മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
മൊബൈൽ ടെക്നീഷ്യനായ സുബിൻ ബാബുവിന് കേസിൽ കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്. തുടർന്ന് പുറത്തിറങ്ങി മലപ്പുറത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ 12-ഓളം കോളജുകളിലെ വിദ്യാർത്ഥിനികളുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് പൊലീസ് ഇയാളെ പിടികൂടിയത്.
മോർഫ് ചെയ്ത ചിത്രങ്ങൾ പണം വാങ്ങി വൽപ്പന നടത്തിയിരുന്നതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. വിദ്യാർത്ഥിനികളുടെ പരാതിയിൽ 'മെറ്റ'യിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചാണ് പൊലീസ് സംഘം തിരുവനന്തപുരത്തു നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
