മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നതായി പരാതി; അന്വേഷണം ആരംഭിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നതായി പരാതി. വയനാട് സ്വദേശിനിയായ ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ മറ്റൊരു സ്ത്രീയെ ഏൽപ്പിച്ച ശേഷം സ്ഥലംവിട്ടതെന്നാണ് പരാതി.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം . പെൺകുഞ്ഞുമായി ഈ സ്ത്രീ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.കുഞ്ഞിനെ വനിതാ പോലീസിന്റെ സംരക്ഷണയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആവശ്യമായ മെഡിക്കൽ പരിശോധനകൾക്കുശേഷം കുഞ്ഞിനെ വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
കുഞ്ഞുമായി സ്റ്റേഷനിലെത്തിയ സ്ത്രീയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം, കുഞ്ഞിന്റെ മാതാവിനെ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും മെഡിക്കൽ കോളേജിൽ നൽകിയിരുന്ന ഫോൺ നമ്പർ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
