മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് നിഗമനം
കണ്ണൂർ മട്ടന്നൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലയൺസ് ക്ലബ്ബ് റോഡിലെ 'നന്ദനം' വീട്ടിൽ ജ്യോതി (56), മകൻ നവീൻ കൃഷ്ണ (21) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ വീടിന്റെ രണ്ടാം നിലയിൽ ഇരുവരെയും ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്നും വിരമിച്ച അധ്യാപികയാണ് കൊല്ലപ്പെട്ട ജ്യോതി. ഇവരുടെ ഭർത്താവും റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനുമായ രാജേന്ദ്രൻ രാവിലെ പുറത്തുപോയി മടങ്ങിവന്നപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഇരുവരെയും കണ്ടത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
