പിണറായി വിജയനെതിരെ കേസെടുക്കാനുള്ള നീക്കം: നിയമപരമായും രാഷ്ട്രീയമായും നേരിടാൻ സി.പി.ഐ.എം
പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ സി.പി.ഐ.എം. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ പിണറായി വിജയന് പാർട്ടി പ്രതിരോധം തീർക്കും. അതേസമയം, പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ.ഡിയുടെ നിർദേശം സി.പി.ഐ.എമ്മിന്റെ വിപുലീകൃത സംസ്ഥാന സമിതിയിലും ചർച്ചയായേക്കും. തെറ്റുതിരുത്തൽ രേഖ സംബന്ധിച്ച് ചർച്ച ചെയ്യാനാണ് വിപുലീകൃത സംസ്ഥാന സമിതി യോഗം ചേരുന്നത്.
പിണറായി വിജയൻ, പി. എ. മുഹമ്മദ് റിയാസ്, വീണ ടി. എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. പി.എം.എൽ.എയിലെ 66(2) വകുപ്പ് പ്രകാരമാണ് റിപ്പോർട്ട് നൽകിയത്. മാസപ്പടി കേസിലെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഇ.ഡി. ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്.
അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതോടെ മാസപ്പടി കേസിൽ തുടർനടപടികളിലേക്ക് കടക്കാൻ ഇ.ഡിക്ക് വഴിയൊരുങ്ങും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടും നിർണായകമാകും.സേവനമൊന്നും നൽകാതെ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് എക്സാലോജിക് 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇടപാട് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഇ.ഡി. വ്യക്തമാക്കിയിട്ടുണ്ട്.
