സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച കൂടി അവധി നൽകാൻ നീക്കം; സർവീസ് സംഘടനകളുടെ യോഗം 17ന്
സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിവസങ്ങൾ ആഴ്ചയിൽ അഞ്ചായി ചുരുക്കാനുള്ള നിർദേശത്തിൽ ചർച്ച നടത്താൻ സർവീസ് സംഘടനകളുടെ യോഗം ഈ മാസം 17ന് ചേരും. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് യോഗം വിളിച്ചത്. രാവിലെ 11ന് ഓൺലൈനായാണ് യോഗം.
ഞായറാഴ്ചയ്ക്കു പുറമേ ശനിയാഴ്ചയും അവധി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. നിർദേശത്തെ വിവിധ സർവീസ് സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും നിലവിലുള്ള പൊതുഅവധികളും കാഷ്വൽ ലീവുകളും കുറയ്ക്കാനുള്ള നീക്കത്തോട് ചില സംഘടനകൾക്ക് എതിർപ്പുണ്ട്. സംഘടനകളുടെ അഭിപ്രായങ്ങൾ ഈ മാസം 12നകം അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.
ഭരണനിർവഹണം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായാണ് ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിവസം എന്ന നിർദേശം പരിഗണിക്കുന്നത്. മുൻ ശമ്പള പരിഷ്‌കരണ കമ്മീഷനും വി.എസ്. അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായിരിക്കെ സമർപ്പിച്ച റിപ്പോർട്ടിലും ഈ നിർദേശം മുന്നോട്ടുവെച്ചിരുന്നു.
പ്രവൃത്തിദിവസങ്ങൾ അഞ്ചാക്കുന്നതിനെ ഇടത്, വലത് അനുകൂല സർവീസ് സംഘടനകൾ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഹനിക്കരുതെന്നാണ് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി. ഗോപകുമാറിന്റെ നിലപാട്.
അതേസമയം, പ്രവൃത്തിദിവസങ്ങൾ കുറയുന്നതോടെ പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭിക്കുന്ന ദിവസങ്ങൾ കുറയുമെന്ന ആശങ്കയും ഉയരുന്നുണ്ട്. അവധിദിനങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം ജീവനക്കാരുടെ മറ്റ് അവധികൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിലും അന്തിമ തീരുമാനത്തിന് മുമ്പ് സംഘടനകളുടെ നിലപാട് നിർണായകമാകും
