സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കം: ശക്തമായി പ്രതിഷേധമെന്ന് പി കെ ശ്രീമതി
സ്ത്രീകൾക്ക് ഏറെ ആശ്വാസമായിരുന്ന സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കപ്പെടുന്നു എന്ന് പി കെ ശ്രീമതി. യുഡിഎഫ് സർക്കാരിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും പി കെ ശ്രീമതി വ്യക്തമാക്കി.സംസ്ഥാനത്ത് 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് സഹായമായിരുന്ന ഈ പദ്ധതി നിലവിലെ യുഡിഎഫ് സർക്കാർ അവഗണിക്കുകയാണെന്നും, മുൻ സർക്കാർ മാറ്റിവെച്ച തുക പോലും വിതരണം ചെയ്യാതെ സ്ഥിതിയാണെന്നും അവർ ആരോപിച്ചു.സാധാരണക്കാരായ, സ്ഥിര വരുമാനമില്ലാത്ത സ്ത്രീകൾക്ക് വേണ്ടി രൂപീകരിച്ച ഈ പദ്ധതി നിർത്തലാക്കുന്നത് നീതിയല്ലെന്നും പി കെ ശ്രീമതി അഭിപ്രായപ്പെട്ടു.
അതേസമയം, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീനയെ സ്ഥലം മാറ്റിയതിലും അവർ പ്രതികരിച്ചു. നോട്ടീസ് നൽകാതെ ഒരാളെ മാറ്റുന്നത് നിയമവിരുദ്ധമാണെന്നും, ഒരു മണിക്കൂറിനുള്ളിൽ ഉത്തരവ് ഇറക്കിയത് ശരിയായ നടപടിയല്ലെന്നും അവർ ആരോപിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കേഡറിലുള്ള ഡോക്ടറെ അവരുടെ സമ്മതമില്ലാതെ സ്‌പെഷ്യാലിറ്റി കേഡറിലേക്ക് മാറ്റാൻ കഴിയില്ലെന്നും സാങ്കേതിക പിഴവുകൾ ഉണ്ടായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.തെറ്റുണ്ടെങ്കിൽ നോട്ടീസ് നൽകി വിശദീകരണം തേടേണ്ടതായിരുന്നു എന്നും പി കെ ശ്രീമതി പറഞ്ഞു.
