എംഎസ്‌സി എൽസ-3 അപകടം: 1227 കോടി രൂപ കെട്ടിവെച്ചു; മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ രണ്ടാമത്തെ കപ്പൽ വിട്ടയച്ചു
എംഎസ്‌സി എൽസ-3 (MSC Elsa-3) കപ്പലപകടവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരക്കേസിൽ 1227 കോടി 62 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി ഹൈക്കോടതിയിൽ സമർപ്പിച്ചു. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് വഴിയാണ് ഈ തുക കെട്ടിവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ, കേസിനെ തുടർന്ന് അധികൃതർ പിടിച്ചുവെച്ചിരുന്ന കമ്പനിയുടെ മറ്റൊരു കപ്പലായ എംഎസ്‌സി അകിറ്റേറ്റ-2 (MSC Akitate-2) വിട്ടയക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
അപകടത്തെത്തുടർന്നുണ്ടായ എണ്ണച്ചോർച്ച, പരിസ്ഥിതി മലിനീകരണം, മത്സ്യത്തൊഴിലാളികളുടെ ഉപജീവന നഷ്ടം എന്നിവ ചൂണ്ടിക്കാട്ടി 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ ഇടക്കാല ഉത്തരവ്. അഡ്മിറാലിറ്റി സ്യൂട്ടിലെ അന്തിമ വിധി അനുകൂലമായാൽ ഈ ബാങ്ക് ഗ്യാരന്റിയും പലിശയും കേരളത്തിന് ലഭിക്കും. ഹർജിയിൽ ഫെബ്രുവരി 13-ന് കോടതി വിശദമായ വാദം കേൾക്കും.
2025 മെയ് 24-നാണ് കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ വെച്ച് എംഎസ്‌സി എൽസ-3 അപകടത്തിൽപ്പെട്ടത്. കപ്പലിലെ കണ്ടൈനറുകളിൽ നിന്ന് പുറംതള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും വലിയ തുക ചിലവഴിക്കേണ്ടി വരുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
