മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: നാല് പേരുടെ നില ഗുരുതരം; കാണാതായവരുടെ ഡിഎൻഎ പരിശോധനാഫലം നാളെ
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് പേരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുന്നു. വെടിക്കെട്ട് നടത്തിപ്പുകാരൻ സതീശൻ ഉൾപ്പെടെയുള്ളവർ തീവ്രപരിചരണ വിഭാഗത്തിലാണ്. സതീശന്റെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. പരിക്കേറ്റ മറ്റ് ആറ് പേർ ഇന്ന് ആശുപത്രി വിട്ടേക്കുമെന്നാണ് സൂചന.
അപകടത്തെത്തുടർന്ന് കാണാതായ നാല് പേരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജ്ജിതമാണ്. ഇവരുടെ ബന്ധുക്കളിൽ നിന്ന് ശേഖരിച്ച ഡിഎൻഎ സാമ്പിളുകളുടെ പരിശോധനാഫലം നാളെ ലഭിക്കും. ഇതോടെ മരിച്ചവരെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും. തിരുവമ്പാടി വിഭാഗത്തിന് വേണ്ടി പടക്കങ്ങൾ നിർമ്മിച്ചിരുന്ന ശാലയിലുണ്ടായ സ്ഫോടനത്തിൽ ഇതുവരെ പത്ത് പേർ മരിച്ചതായാണ് കണക്കുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനമായി. തിരുവമ്പാടി വിഭാഗത്തിന്റെ ദുഃഖാചരണം ഇന്നും തുടരും. നാളെ പൂര വിളംബരം നടക്കാനിരിക്കെ പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദർശനം ഇന്ന് ലളിതമായ ചടങ്ങുകളോടെ ആരംഭിക്കും. ഇത്തവണത്തെ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനും കുടമാറ്റം വെട്ടിച്ചുരുക്കാനും സർക്കാരും ദേവസ്വങ്ങളും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായിരുന്നു.
