മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണം 17 ആയി
മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. തൃശൂർ കുണ്ടന്നൂർ സ്വദേശി രാകേഷ് (29) ആണ് മരിച്ചത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
കഴിഞ്ഞദിവസം രാത്രി എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണൻ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാകേഷിന്റെയും മരണം സ്ഥിരീകരിച്ചത്. ഇതോടെ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. ഏപ്രിൽ 21-നാണ് മുണ്ടത്തിക്കോട് വയലിലെ വെടിക്കെട്ടുപുരയിൽ വൻ സ്ഫോടനമുണ്ടായത്. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടിയുള്ള വെടിക്കോപ്പുകൾ നിർമ്മിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. വെടിക്കെട്ട് കരാറുകാരനായ സതീഷ് ഉൾപ്പെടെയുള്ളവരാണ് ദുരന്തത്തിൽ ഇരയായത്.
അപകടത്തെ തുടർന്ന് ഈ വർഷത്തെ തൃശൂർ പൂരത്തിന് വിപുലമായ രീതിയിലുള്ള വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമാണ് നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. അപകടത്തിന്റെ യഥാർത്ഥ കാരണം ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. ഫോറൻസിക് പരിശോധനാ ഫലങ്ങൾ കൂടി ലഭിക്കുന്നതോടെ സ്ഫോടനത്തിന്റെ തീവ്രതയെക്കുറിച്ചും കാരണത്തെക്കുറിച്ചും കൂടുതൽ വ്യക്തത വരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
