'വിശ്വാസികളും അവിശ്വാസികളും പങ്കെടുക്കുന്ന ചടങ്ങുകളിൽ ഈശ്വരപ്രാർത്ഥന ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം'; മുരളി തുമ്മാരുകുടി

  1. Home
  2. Kerala

'വിശ്വാസികളും അവിശ്വാസികളും പങ്കെടുക്കുന്ന ചടങ്ങുകളിൽ ഈശ്വരപ്രാർത്ഥന ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം'; മുരളി തുമ്മാരുകുടി

MURALEE


സർക്കാർ ചടങ്ങുകൾ മതനിരപേക്ഷമാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന് പിന്തുണയുമായി മുരളി തുമ്മാരുകുടി. വിശ്വാസികളും അവിശ്വാസികളും പങ്കെടുക്കുന്ന മീറ്റിംഗുകളിൽ നിർബന്ധിതമായി ഈശ്വരപ്രാർത്ഥന നടത്തുന്നത് ശരിയല്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് തുമ്മാരുകുടി വ്യക്തമാക്കുന്നു. ലോകത്ത് എത്രയോ ഇടങ്ങളിലെ ചടങ്ങുകളിൽ താൻ പങ്കെടുക്കുന്നു. ഇതിൽ മതം ഭരണഘടനയിലുള്ള രാജ്യങ്ങൾ വരെ ഉണ്ട്. അവിടെ ഒന്നും പൊതു ചടങ്ങുകളിൽ ഇത്തരത്തിൽ ഈശ്വരപ്രാർത്ഥനകൾ ഇല്ലായെന്നും അദ്ദേഹം പറയുന്നു.


മുരളി തുമ്മാരുകുടിയുടെ വാക്കുകൾ

''പൊതു സമ്മേളനങ്ങളിലെ ഈശ്വര പ്രാർത്ഥന

കേരളത്തിൽ മീറ്റിംഗുകളിൽ പങ്കെടുക്കുമ്പോൾ എപ്പോഴും കുഴക്കുന്ന ഒരു വിഷയമാണ് 'ഈശ്വര പ്രാർത്ഥന.' വിശ്വാസികളും അവിശ്വാസികളും പങ്കെടുക്കുന്ന മീറ്റിംഗുകൾ ആണ്. അവിടെ നിർബന്ധിതമായി ഈശ്വരപ്രാർത്ഥന നടത്തുന്നത് ശരിയല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. നമ്മൾ ഒരു പൊതുചടങ്ങിൽ പങ്കെടുക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണം എന്നൊക്കെ പറയുമ്പോൾ എഴുന്നേറ്റ് നിൽക്കാതിരിക്കുന്നതിലെ സാമൂഹ്യമായ ഔചിത്യക്കുറവുകൊണ്ട് എപ്പോഴും എഴുന്നേറ്റ് നിൽക്കാറുണ്ട്.

ഒരിക്കൽ കേരളത്തിലെ ഒരു കോളേജിലെ സയൻസ് ക്ലബ്ബ് ഉദ്ഘാടനത്തിന് ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയപ്പോൾ മാത്രമാണ് ഞാൻ പ്രതികരിച്ചത്. ഞാൻ കേരളത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ ഈശ്വര പ്രാർത്ഥന ഉണ്ടാകാറില്ല. ലോകത്ത് എത്രയോ ഇടങ്ങളിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നു. ഇതിൽ മതം ഭരണഘടനയിലുള്ള രാജ്യങ്ങൾ വരെ ഉണ്ട്. അവിടെ ഒന്നും പൊതു ചടങ്ങുകളിൽ ഇത്തരത്തിൽ ഈശ്വരപ്രാർത്ഥനകൾ ഇല്ല.

പൊതു ചടങ്ങുകളിൽ ഈശ്വരപ്രാർത്ഥന ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് എൻറെ അഭിപ്രായം. വിശ്വാസികൾക്ക് ഈശ്വരനെ പ്രാർത്ഥിക്കാൻ മറ്റ് പല അവസരങ്ങൾ ഉണ്ടല്ലോ. സംഘാടകർ വിശ്വാസികൾ ആവുകയും ചടങ്ങ് നന്നായി നടക്കാനാണ് പ്രാർത്ഥന നടത്തുകയും ചെയ്യുന്നതെങ്കിൽ അവർക്ക് പരിപാടിക്ക് മുൻപ് പ്രത്യേകം പ്രാർത്ഥനയോ വഴിപാടോ നടത്താമല്ലോ.

മുരളി തുമ്മാരുകുടി''


2023-ലെ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവരെ ആദരിക്കാൻ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. പരിപാടി ആരംഭിക്കുന്നതിനു മുന്നോടിയായി ഈശ്വരപ്രാർത്ഥനയ്ക്കായി എല്ലാവരോടും എഴുന്നേറ്റുനിൽക്കാൻ വേദിയിൽനിന്നു നിർദേശമുണ്ടായി. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. എല്ലാവരും ഇന്ത്യൻ പൗരന്മാരാണെന്ന മനോഭാവം എല്ലാ ചടങ്ങിലും പ്രകടമാകണം. മതങ്ങളിൽ ഈശ്വരവിശ്വാസികളും അവിശ്വാസികളുമുണ്ട്. ഹിന്ദുമതത്തിൽ എല്ലാവരും ഈശ്വരപ്രതിഷ്ഠയിൽ വിശ്വസിക്കുന്നവരല്ല. ആദ്യം മുതൽ ഈശ്വരനെ നിഷേധിച്ചു ജീവിക്കുന്നവരുമുണ്ട്. മതനിരപേക്ഷത രാഷ്ട്രീയ പരികല്പനയല്ല. മറിച്ച് ഭരണഘടനയുടെ അടിസ്ഥാനസ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു.