മകളെ ശല്യം ചെയ്തത് വിലക്കിയ ഗൃഹനാഥനെ കൊല്ലാൻ ശ്രമം; വീട്ടിലേക്ക് പാമ്പിനെ തുറന്നുവിട്ടു

തിരുവനന്തപുരം കാട്ടാക്കടയിൽ പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കിച്ചു എന്ന ഗുണ്ട റാവുവിനെയാണ് അറസ്റ്റ് ചെയ്തത്. അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രൻ്റെ വീട്ടിലാണ് പ്രതി പാമ്പിനെ തുറന്നുവിട്ടത്. മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു പാമ്പിനെ വിട്ട് കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചത്.
ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ വീടിന് പുറത്ത് അസ്വാഭാവികമായി ആൾപെരുമാറ്റം കേട്ട് വീട്ടുടമ രാജേന്ദ്രൻ ഉണർന്നു നോക്കുമ്പോൾ പ്രതി പാമ്പിനെ ജനലിലൂടെ വലിച്ചെറിഞ്ഞശേഷം പോകുന്നത് കണ്ടു. തുടർന്ന് പാമ്പിനെ ഓടിച്ച് അടിച്ചുകൊല്ലാൻ ശ്രമിച്ചെങ്കിലും പാമ്പിന്റെ ഒരു ഭാഗം മാത്രം മുറിഞ്ഞുപോയി. പിന്നാലെ, രാജേന്ദ്രൻ കാട്ടാക്കട പോലീസിൽ പരാതി നൽകി. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.