ബിഹാറിലെ ആർ.ജെ.ഡി നേതാവിനെ വധിച്ച കേസ്; കുപ്രസിദ്ധ ക്രിമിനൽ കൊല്ലത്ത് പിടിയിൽ

  1. Home
  2. Kerala

ബിഹാറിലെ ആർ.ജെ.ഡി നേതാവിനെ വധിച്ച കേസ്; കുപ്രസിദ്ധ ക്രിമിനൽ കൊല്ലത്ത് പിടിയിൽ

ajaj


ബിഹാറിൽ ആർ.ജെ.ഡി നേതാവ് ബൈദുനാഥ് മാത്തൊ ഉൾപ്പെടെ രണ്ടുപേരെ വെടിവെച്ചുകൊന്ന കേസിൽ ഒളിവിലായിരുന്ന കുപ്രസിദ്ധ കുറ്റവാളി കൊല്ലത്ത് പോലീസ് പിടിയിലായി. സീതാമഠി സ്വദേശിയായ മുഹമ്മദ് അജാജ് അഹമ്മദിനെയാണ് (30) വെള്ളിയാഴ്ച രാവിലെ കൊല്ലം ഈസ്റ്റ് പോലീസ് ആണ്ടാമുക്കത്തുനിന്ന് അറസ്റ്റ് ചെയ്തത്. അതാബുൽ റഹ്‌മാൻ എന്നും ഇയാൾ അറിയപ്പെടുന്നുണ്ട്.

കുടുംബത്തോടൊപ്പം ആണ്ടാമുക്കത്ത് ഒളിവിൽ താമസിച്ചുവരികയായിരുന്ന ഇയാൾ കൊല്ലത്തെ ഒരു ചെരുപ്പുകടയിലും പിന്നീട് അഭിഭാഷകന്റെ ഡ്രൈവറായും ജോലി ചെയ്തുവരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ഈസ്റ്റ് എസ്.ഐ. രഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

കൊലപാതകം, വധശ്രമം, കവർച്ച, ആയുധനിയമ ലംഘനം ഉൾപ്പെടെ ബിഹാറിലെ വിവിധ സ്റ്റേഷനുകളിലായി പതിനൊന്നിലധികം ഗുരുതര കേസുകളിൽ പ്രതിയാണ് ഇയാൾ. ബിഹാറിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം മറ്റു സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞാണ് പ്രതി കേരളത്തിലെത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ബിഹാർ പോലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.