കരുവാറ്റയിലെ വയോധികന്റെ കൊലപാതകം: 13-കാരിയുടെ ക്വട്ടേഷൻ; പ്രായപൂർത്തിയാകാത്ത നാലുപേർ പിടിയിൽ

  1. Home
  2. Kerala

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം: 13-കാരിയുടെ ക്വട്ടേഷൻ; പ്രായപൂർത്തിയാകാത്ത നാലുപേർ പിടിയിൽ

sivankutty


ആലപ്പുഴ ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 13-കാരിയായ ബന്ധു ഉൾപ്പെടെ നാല് കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഐഫോൺ വാങ്ങാൻ വീട്ടിലെ സ്വർണം കവർച്ച ചെയ്യാനായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കരുവാറ്റ സ്വദേശിയായ ശിവൻകുട്ടിയാണ് (65) കൊല്ലപ്പെട്ടത്.

ഭാര്യയും മകളും ആശുപത്രിയിലായിരുന്നതിനാൽ ശിവൻകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇന്നലെ രാവിലെ എത്തിയ കൊച്ചുമകൾ വീട് അടഞ്ഞുകിടക്കുന്നതായി അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് കൈകാലുകൾ കൂട്ടിക്കെട്ടി, കഴുത്തിൽ തുണി മുറുക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയും കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് ആൺകുട്ടികളും പിടിയിലായത്.

കവർച്ച നടത്തുന്ന ദൃശ്യങ്ങൾ സംഘം പെൺകുട്ടിയെ വീഡിയോ കോളിലൂടെ കാണിച്ചുകൊടുത്തതായും വിവരമുണ്ട്. പിടിയിലായ എല്ലാവരും 17 വയസ്സിൽ താഴെയുള്ളവരാണ്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.