മുട്ടിൽ മരംമുറിക്കേസ്: അഗസ്റ്റിൻ സഹോദരന്മാർക്കെതിരായ വഞ്ചനാക്കേസ് ബത്തേരിയിലേക്ക് മാറ്റാൻ സുപ്രീംകോടതി
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർക്കെതിരായ വഞ്ചനാക്കേസ് വയനാട്ടിലേ ബത്തേരിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പരിഗണിച്ചിരുന്ന കേസാണ് ബത്തേരി കോടതിയിലേക്ക് മാറ്റിയത്. മരംമുറിയുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസ് പരിഗണിക്കുന്ന കോടതിയിൽ തന്നെ വഞ്ചനാക്കേസും പരിഗണിക്കാനാണ് നിർദേശം. ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
മരംമുറി കേസും വഞ്ചനാ കേസും ഒരേ കോടതിയില്‍ തന്നെ നടത്താനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. വഞ്ചനാ കേസില്‍ ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും, ഈ കേസും വയനാട്ടിലേക്ക് മാറ്റണമെന്നുമാണ് പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
രണ്ടു കേസുകളും ഒരുമിച്ച് പരിഗണിക്കണമെന്നും പ്രതികള്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ആവശ്യപ്പെട്ടിരുന്നു. രണ്ടു കേസുകളും ഒരുമിച്ച് പരിഗണിക്കാനാകില്ലെന്നും, രണ്ടിടത്തായി നടന്ന കുറ്റകൃത്യങ്ങളാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രണ്ടു കേസുകളും പ്രത്യേകം പ്രത്യേകമായിട്ടാണ് അന്വേഷണം നടന്നത്. അതിനാല്‍ ഒരുമിച്ച് പരിഗണിക്കാനാകില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
വയനാട്ടിൽ നിന്ന് മുറിച്ചു കടത്തിയ മരങ്ങൾ, വിൽക്കാൻ പാസ് ഉണ്ടെന്ന് കാണിച്ച്, തടി വ്യവസായി അലിയാർക്ക് വിറ്റ് 1.40 കോടി രൂപ തട്ടിയെടുത്തെന്നാണ് അഗസ്റ്റിൻ സഹോദരന്മാർക്കെതിരായ ആരോപണം.
