മുട്ടിൽ മരംമുറി കേസ്; അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി, വിചാരണ നടപടികൾ സെപ്റ്റംബർ ഏഴിന് ആരംഭിക്കും

  1. Home
  2. Kerala

മുട്ടിൽ മരംമുറി കേസ്; അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി, വിചാരണ നടപടികൾ സെപ്റ്റംബർ ഏഴിന് ആരംഭിക്കും

image


വിവാദമായ മുട്ടിൽ മരംമുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കോടതിയിൽ നിന്ന് തിരിച്ചടി. കേസിന്റെ വിചാരണ നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി തള്ളി. കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതടക്കമുള്ള വിചാരണ നടപടികൾ സെപ്റ്റംബർ ഏഴിന് ആരംഭിക്കുമെന്ന് കോടതി വ്യക്തമാക്കി.വയനാട് മുട്ടിൽ മേഖലയിൽനിന്ന് അനധികൃതമായി മുറിച്ചുകടത്തിയ ഈട്ടിമരങ്ങൾ വനവകുപ്പിന്റെ പാസ് ഉണ്ടെന്ന് വ്യാജമായി കാണിച്ച് എറണാകുളത്തെ വ്യവസായിക്ക് വിറ്റു എന്നാണ് കേസ്.

വിചാരണ നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യം വിചാരണക്കോടതിയായ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിൽ ഉന്നയിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഇതനുസരിച്ച് പ്രതികൾ സമർപ്പിച്ച ഹർജിയാണ് ഇപ്പോൾ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.

ഇന്ന് അഗസ്റ്റിൻ സഹോദരന്മാരാരും കോടതിയിൽ നേരിട്ട് ഹാജരായിരുന്നില്ല. എന്നാൽ സെപ്റ്റംബർ ഏഴിന് കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന ദിവസം ഒന്നാം പ്രതി റോജി അഗസ്റ്റിൻ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. മറ്റ് രണ്ട് പ്രതികൾക്ക് ഓൺലൈനായി ഹാജരാകാനും അനുമതി നൽകി.