മുട്ടിൽ മരംമുറി തട്ടിപ്പുകേസ്: അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി; വിചാരണ നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി
മുട്ടിൽ മരംമുറി തട്ടിപ്പുകേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി. കേസിലെ വിചാരണ നടപടികൾ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് പ്രതി റോജി അഗസ്റ്റിൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആവശ്യം വിചാരണക്കോടതിയിൽ ഉന്നയിക്കാനാണ് ഹൈക്കോടതി നിർദേശിച്ചത്.
ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് വിചാരണ നടപടികൾ ഒഴിവാക്കാനുള്ള നീക്കവുമായി അഗസ്റ്റിൻ സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതികൾ നേരിട്ട് ഹാജരാകേണ്ടതായിരുന്നു. വയനാട് വനഭൂമിയിൽനിന്ന് മരംമുറിച്ചെന്ന കേസിൽ തീരുമാനമുണ്ടാകുന്നതുവരെ മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നായിരുന്നു റോജി അഗസ്റ്റിന്റെ ആവശ്യം.
വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ മുട്ടിലിൽനിന്ന് മുറിച്ചുകടത്തിയ കള്ളത്തടി രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപന നടത്തി 1.40 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അമ്പലമേട് പൊലീസ് കേസെടുത്തത്. കരിമുകൾ മലബാർ ടിംബേഴ്സ് ഉടമ എം.എം. അലിയാരാണ് പരാതി നൽകിയത്.
