പരസ്പരം':തൃശ്ശൂരിൽ സാംസ്‌കാരിക പ്രവർത്തകരും കലാകാന്മാരുമായുള്ള മുഖ്യമന്ത്രിയുടെ സംവാദം നാളെ

ഇടതുപക്ഷ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, 'പരസ്പരം' എന്ന പേരിൽ സാംസ്‌കാരിക പ്രവർത്തകരും കലാകാന്മാരുമായുള്ള മുഖ്യമന്ത്രിയുടെ സംവാദം തിങ്കളാഴ്ച രാവിലെ 9 മണിക്ക് തൃശൂർ പുഴക്കൽ ലുലു കൺവൻഷൻ സെന്ററിൽ സംഘടിപ്പിക്കും.
നവകേരള സദസ്, മുഖാമുഖം പരിപാടികളുടെ തുടർച്ചയായാണ് സംസ്ഥാനത്തെ കലാകാരന്മാരോടും സാംസ്‌കാരിക പ്രവർത്തകരോടും മുഖ്യമന്ത്രി സംവദിക്കുന്ന പരസ്പരം എന്ന പരിപാടി. കേരളത്തെ ഒരു വികസിത സമൂഹമാക്കി വളർത്താനും പിന്തിരിപ്പൻ ആശയങ്ങളെ ചെറുത്ത്, മാനവികതയുടെ വിശാല താത്പര്യങ്ങൾക്ക് ഇടമുള്ള പരിഷ്‌കൃതസമൂഹമായി തുടരാനും സാധ്യമാക്കുന്നതിനുള്ള മുന്നൊരുക്കമാണ് ഈ പരിപാടി. നവകേരള സൃഷ്ടി യാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരു വിശാല പ്ലാറ്റ്‌ഫോമായി പരസ്പരം വേദി മാറും.
കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന പരസ്പരം പരിപാടിക്ക് വിവിധ അക്കാദമികളും സാംസ്‌കാരിക സ്ഥാപനങ്ങളും നേതൃത്വം നൽകും. ചടങ്ങിൽ പ്രമുഖ കലാസാംസ്‌കാരിക പ്രവർത്തകരെ ആദരിക്കും. സാംസ്‌കാരിക രംഗത്തെ ചലനാത്മകമായ ഇടപെടലുകളുടെ നേർസാക്ഷ്യം എന്നനിലയിൽ ഒരു പ്രദർശന ശാലയും ഒരുക്കിയിട്ടുണ്ട്.
പരിപാടിയിൽ സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖൊബ്രഗഡെ, മന്ത്രിമാരായ സജി ചെറിയാൻ,കെ രാജൻ, ഡോ. ആർ ബിന്ദു, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, കെ രാധാകൃഷ്ണൻ എംപി, പി ബാലചന്ദ്രൻ എം.എൽ.എ. തൃശൂർ നഗരസഭ മേയർ എം.കെ വർഗീസ്, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ,സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ എന്നിവർ പങ്കെടുക്കും. കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നായി 2500 സാംസ്‌കാരിക പ്രവർത്തകരും പരിപാടിയുടെ ഭാഗമാവും.