പൊലീസിനെ ജനസൗഹൃദമാക്കാൻ 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതിക്ക് ഇന്ന് തുടക്കം; എസ്.ഐമാർ വീണ്ടും എസ്.എച്ച്.ഒമാരാകും
സംസ്ഥാന പൊലീസിനെ കൂടുതൽ ജനസൗഹൃദവും സേവനസന്നദ്ധവുമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതിക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
പൊതുജനങ്ങൾക്ക് സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങൾ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ഓരോ സ്റ്റേഷനിലും സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡറുകൾ എന്നിവർക്കായി പ്രത്യേക ഹെൽപ്പ് ലൈൻ ഡെസ്കുകളും ഓൺലൈൻ അപേക്ഷാ സംവിധാനങ്ങളും സജ്ജമാക്കും.
ഇതോടൊപ്പം സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) ചുമതലകളിൽ വരുത്തിയ നിർണായക പരിഷ്കാരം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാനത്തെ 419 പൊലീസ് സ്റ്റേഷനുകളിൽ എസ്.എച്ച്.ഒ ചുമതല സബ് ഇൻസ്പെക്ടർമാർക്ക് (എസ്.ഐ) തിരികെ നൽകും. പ്രമുഖവും തന്ത്രപ്രധാനവുമായ 64 സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്പെക്ടർമാർ (സി.ഐ) തന്നെ എസ്.എച്ച്.ഒമാരായി തുടരും. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് എസ്.എച്ച്.ഒ ചുമതല സി.ഐമാർക്ക് കൈമാറിയിരുന്നത്. എന്നാൽ ഈ മാറ്റം സ്റ്റേഷനുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജന സേവനത്തെയും പ്രതികൂലമായി ബാധിച്ചുവെന്ന വിലയിരുത്തലിനെ തുടർന്നാണ് ചുമതല വീണ്ടും എസ്.ഐമാർക്ക് നൽകാൻ തീരുമാനിച്ചത്.
