ദേശീയപാത 66: കാസർകോട് മുതൽ തിരുവനന്തപുരം വരെ 13 ടോൾ ബൂത്തുകൾ

  1. Home
  2. Kerala

ദേശീയപാത 66: കാസർകോട് മുതൽ തിരുവനന്തപുരം വരെ 13 ടോൾ ബൂത്തുകൾ

image


ദേശീയപാത 66-ൽ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലാ അതിർത്തിയായ കാരോട് വരെയുള്ള യാത്രയ്ക്ക് ഇനി 13 ഇടങ്ങളിൽ ചുങ്കം നൽകേണ്ടി വരും. 645 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ ടോൾ ബൂത്തുകളുടെ നിർമാണം ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

ദേശീയപാത 66-ൽ 12 ടോൾ പ്ലാസകളും, അരൂർ-തുറവൂർ 12.75 കിലോമീറ്റർ ഉയരപ്പാതയിലെ എരമല്ലൂരിൽ ഒരു ടോൾ ബൂത്തും ഉൾപ്പെടെയാണ് ആകെ 13 കേന്ദ്രങ്ങൾ.

നിലവിലുള്ള ടോൾ പ്ലാസകൾ കണ്ണൂരിലെ കൊളശ്ശേരി, എറണാകുളത്തെ കുമ്പളം, തിരുവനന്തപുരത്തെ തിരുവല്ലം, മലപ്പുറത്തെ വെട്ടിച്ചിറ, കോഴിക്കോട്ടെ ഒളവണ്ണ എന്നിവയാണ്.

പുതുതായി ടോൾ പിരിവ് ആരംഭിക്കുന്ന കേന്ദ്രങ്ങൾ കാസർകോട് പുല്ലൂർ പെരിയ, കണ്ണൂരിലെ തിരുവങ്ങാട്, കോഴിക്കോട്ടെ അഴിയൂർ, തൃശ്ശൂരിലെ നാട്ടിക, ആലപ്പുഴയിലെ കൊമ്മാടി, കൊല്ലത്തെ ഓച്ചിറ, പാരിപ്പള്ളി എന്നിവിടങ്ങളിലാണ്.

എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് കുമ്പളം ടോൾ പ്ലാസയിലും, തുടർന്ന് അരൂർ-തുറവൂർ ഉയരപ്പാതയിലെ എരമല്ലൂരിലും ആലപ്പുഴ ബൈപാസ് ആരംഭിക്കുന്ന കൊമ്മാടിയിലും ടോൾ നൽകേണ്ടിവരും. ആലപ്പുഴ ജില്ലയിലെ 89 കിലോമീറ്റർ ദൂരത്തെ യാത്രയ്ക്ക് തന്നെ വലിയ തുക ചുങ്കമായി നൽകേണ്ടി വരുമെന്നാണ് സൂചന.