മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞ് തകർന്ന സംഭവം; വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും

  1. Home
  2. Kerala

മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞ് തകർന്ന സംഭവം; വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും

malappuram national highway collapse


മലപ്പുറം കൂരിയാട് മേഖലയിൽ ദേശീയപാത തകർന്ന സംഭവത്തിൽ വിദഗ്ധ സംഘം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. ദേശീയപാത അതോറിറ്റിയുടെ നിർദേശപ്രകാരമാണ് പരിശോധന. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരുന്നുണ്ട്. യോഗത്തിൽ ദേശീയപാത കരാർ കമ്പനി പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുക്കും.


തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് കൂരിയാട്-കൊളപ്പുറം ഭാഗത്ത് ദേശീയപാതയിൽ മണ്ണിടിഞ്ഞത്. നിർമാണം പുരോഗമിക്കുന്ന 66-ാം നമ്പർ ദേശീയപാതയുടെ ഒരു ഭാഗം തകർന്ന് സമീപമുള്ള സർവീസ് റോഡിലേക്കാണ് മണ്ണും കല്ലുകളും വീണത്. ഈ സമയത്ത് സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന മൂന്ന് കാറുകൾ അപകടത്തിൽപ്പെട്ടെങ്കിലും യാത്രക്കാർക്ക് പരിക്കൊന്നുമില്ല.

താഴെയുള്ള സർവീസ് റോഡിൽനിന്ന് ഉയരത്തിൽ പാർശ്വഭിത്തികെട്ടി വേർതിരിച്ചിട്ടുമുണ്ട്. എന്നാൽ, ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ട് മണ്ണിടിയുകയായിരുന്നു.തൃശൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലേക്കാണ് മണ്ണ് വീണത്. ദേശീയപാതയിൽ നിർമാണപ്രവൃത്തി നടത്തുന്ന ജെസിബിയും അപകടത്തിൽപ്പെട്ടു. അപകടത്തെ തുടർന്ന് തൃശൂർ ഭാഗത്തേക്ക് ഗതാഗതം പൂർണമായും തടസപ്പെട്ടു.

പ്രദേശത്ത് ദേശീയപാതയിൽ മുമ്പും വിള്ളലുകളുണ്ടായിരുന്നെന്നും നിർമാണം അശാസ്ത്രീയമാണെന്നും നാട്ടുകാർ ആരോപിച്ചു. നാഷണൽ ഹൈവേ അതോറിറ്റിക്ക് കീഴിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള കെഎൻആർസിഎൽ കമ്പനിയാണ് ഇവിടുത്തെ നിർമാണം ഏറ്റെടുത്തത്.