നവ കേരള യാത്രയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറി ആരോപണം: എം.ആർ. അജിത് കുമാറിനോട് വിശദീകരണം തേടാനൊരുങ്ങി ഡിജിപി
നവ കേരള യാത്രയിലെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാൻമാരുടെ മർദ്ദന കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന എസ്‌ഐടി കണ്ടെത്തലിൽ എഡിജിപി എം ആർ അജിത് കുമാറിനോട് വിശദീകരണം തേടാനൊരുങ്ങി ഡിജിപി. എം ആർ അജിത് കുമാറിന്റെ വിശദീകരണം ലഭിച്ചതിനു ശേഷം റിപ്പോർട്ട് ആഭ്യന്തരമന്ത്രിക്ക് കൈമാറും. എം ആർ അജിത് കുമാറിന് എതിരെ നടപടിക്ക് ഡിജിപി ശുപാർശ ചെയ്യുമെന്നും വിവരമുണ്ട്. ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ചാൽ അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.
നവ കേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാൻ അടക്കമുള്ളവരുടെ മർദ്ദനക്കേസിൽ അട്ടിമറി സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ആദ്യ ഘട്ടത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്നാണ് എസ്‌ഐടി കണ്ടെത്തിയത്. തെളിവില്ലന്ന് വരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നെന്നും എസ്‌ഐടിയുടെ കണ്ടെത്തലിൽ ഉണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയടക്കം രേഖപ്പെടുത്തിയായിരുന്നു റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. എഡിജിപി അജിത് കുമാർ പറഞ്ഞിട്ടാണ് തിരുത്തൽ നടത്തിയതെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. അജിത് കുമാറിനെതിരെ മുൻ അന്വേഷണ സംഘത്തിന്റെ മൊഴി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അജിത് കുമാർ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചെന്നും മൊഴിയുണ്ട്
