നവകേരള ബസ് ആഢംബര വാഹനമല്ല; ബസ് കാണാൻ നിരവധി പേർ വരും, വിറ്റാൽ ഇരട്ടി കിട്ടും; എ.കെ ബാലൻ

  1. Home
  2. Kerala

നവകേരള ബസ് ആഢംബര വാഹനമല്ല; ബസ് കാണാൻ നിരവധി പേർ വരും, വിറ്റാൽ ഇരട്ടി കിട്ടും; എ.കെ ബാലൻ

ak balan


നവകേരള സദസിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി എകെ ബാലൻ. ഭരണ യന്ത്രം എങ്ങനെയാണ് ചലിക്കാൻ പോകുന്നത് എന്നതിന്റെ ഉദാഹരണമായിരിക്കും നവകേരള സദസെന്ന് എകെ ബാലൻ പറഞ്ഞു. ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ സംഭവം ആണെന്ന് അദ്ദേഹം പറഞ്ഞു. 

നല്ല രീതിയിൽ നടന്ന കേരളീയത്തെ കള്ള പ്രചരണം നടത്തി ഇല്ലാതാക്കാൻ ശ്രമിച്ചു. ഇവിടെയും അതേ ശ്രമം യുഡിഎഫ് ബിജെപി സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് എകെ ബാലൻ വിമർശിച്ചു. ആദ്യപടിയാണ് ആഢംബര വാഹനം എന്ന പ്രചരണം. ഈ വാഹനം ടെൻഡർ വെച്ച് വിൽക്കാൻ നിന്നാൽ ഇപ്പോൾ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്ക്ക് മ്യൂസിയത്തിൽ വെച്ചാൽ തന്നെ ലക്ഷക്കണക്കിന് പേർ കാണാൻ വരുമെന്നും എകെ ബാലൻ പറഞ്ഞു.

ഇപ്പോൾ തന്നെ അത് വാങ്ങാൻ ആളുകൾ സമീപിച്ചിട്ടുണ്ടെന്ന് അദ്ദേ​ഹം കൂട്ടിച്ചേർത്തു. പതിനായിരങ്ങൾ ഈ ബസ് കാണാൻ വഴിയരികിൽ തടിച്ചു കൂടുമെന്നും ആർഭാടം ആണെന്ന് പറഞ്ഞു ആരും രംഗത്തുവരണ്ടെന്നും എകെ ബാലൻ വ്യക്തമാക്കി. പ്രതിപക്ഷം മാറിനിൽക്കേണ്ട ഗതികേടിലെത്തിയെന്ന് അദ്ദേഹം പരിഹസിച്ചു.

കേന്ദ്രത്തിനെതിരായ രാഷ്ട്രീയ പ്രചരണമാണ് പരിപാടിയുടെ പ്രധാനഭാഗമെന്നും കേന്ദ്രത്തിനെതിരെ ഒരു നിലപാടും സ്വീകരിക്കാത്ത യുഡിഎഫിനേ തുറന്ന് കാട്ടുക എന്ന ലക്ഷ്യവുമുണ്ടെന്നും ബാലൻ പറഞ്ഞു. അതേസമയം യൂത്ത് കോൺഗ്രസ് വ്യാജ ഐ ഡി വിവാദം ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.