നവകേരള സദസ്സ് പ്രതിഷേധം, ചെരിപ്പേറ്; മാധ്യമപ്രവർത്തകയ്ക്കെതിരെ ഗൂഢാലോചന കേസ്

  1. Home
  2. Kerala

നവകേരള സദസ്സ് പ്രതിഷേധം, ചെരിപ്പേറ്; മാധ്യമപ്രവർത്തകയ്ക്കെതിരെ ഗൂഢാലോചന കേസ്

ksu


നവകേരള സദസുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം കുറുപ്പംപടിയിൽ കെഎസ്‌യു പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കേസിലാണ് നടപടി. സംഭവത്തിൽ 24 കൊച്ചി ബ്യൂറോ റിപ്പോർട്ടർ വിനീത വി ജിക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം കുറുപ്പംപടി പൊലീസിന്റേതാണ് നടപടി.

കേസിൽ വിനീത അഞ്ചാം പ്രതിയാണ്. ഷൂ എറിഞ്ഞതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ മാധ്യമപ്രവർത്തകക്ക് പങ്കുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കുറുപ്പംപടി പൊലീസ് വിനീതയ്ക്ക് നോട്ടീസ് അയച്ചു. ഇന്ന് ഹാജരാകാൻ ആയിരുന്നു നോട്ടീസിലെ നിർദ്ദേശം. മന്ത്രിമാർ സഞ്ചരിക്കുന്ന ബസും വാഹനവ്യൂഹവും പെരുമ്പാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് പോകുമ്പോഴാണ് കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. ഓടക്കാലിയില്‍ വച്ച് രണ്ടുമൂന്ന് തവണയാണ് ഷൂ എറിഞ്ഞത്.

പൊലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തിൽ കെഎസ്‍യു പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. വധ ശ്രമത്തിനടക്കമാണ് കേസെടുത്തത്. ഐപിസി 308, 283, 353 വകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളത്. പെരുമ്പാവൂരിൽ ഒമ്പത് പേർക്കെതിരെയും കുറുപ്പുംപടി ഓടക്കാലിയിൽ നാല് പേർക്കെതിരെയുമാണ് കേസെടുത്തത്.