നവകേരള സദസ്; സർക്കാർ ചെലവിൽ പ്രതിപക്ഷത്തിന്റെ തന്തയ്ക്ക് വിളിക്കുന്ന വേദി, ആളെ പറ്റിക്കുന്ന പരിപാടി; കെ മുരളീധരൻ
നവകേരള സദസ്സ്’ പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. സർക്കാർ ചെലവിൽ പ്രതിപക്ഷത്തിന്റെ തന്തയ്ക്ക് വിളിക്കുന്ന വേദിയായി നവകേരള സദസ്സ് മാറിയെന്ന് വിമർശനം. ലീഗുമായുള്ള കോൺഗ്രസിന്റെ ബന്ധം തകർക്കാൻ പിണറായി വിജയൻ എത്ര ശ്രമിച്ചാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ്സ് ആളെ പറ്റിക്കാനുള്ള പരിപാടിയാണെന്ന പ്രതിപക്ഷ ആരോപണം 101 ശതമാനവും ശരിയായെന്നും ഇതിനെ സിപിഐഎം പൂര്‍ണമായും രാഷ്ട്രീയ വേദിയാക്കി മാറ്റിയെന്നും മുരളീധരന്‍ ആരോപിച്ചു. ഒരു സ്ഥലത്തുനിന്ന് പരാതി കിട്ടിയാല്‍ നാല്‍പ്പത്തഞ്ച് ദിവസത്തിനകം പരിഹരിക്കുമെന്നാണ് ഇന്നലെ പറഞ്ഞത്. നാല്‍പ്പത്തഞ്ചു ദിവസമാകുമ്പോഴേക്കും യാത്ര കഴിയും. ഇത് ആളെ പറ്റിക്കാനാണ് എന്ന് പറഞ്ഞത് 101 ശതമാനം ശരിയായിയാണെന്നും മുരളീധരന്‍ പറഞ്ഞു.
‘വീട് ചോദിക്കുന്നു, വീടില്ല. ക്ഷേമപെന്‍ഷന്‍ ചോദിക്കുന്നു, പെന്‍ഷന്‍ ഇല്ല. സപ്ലൈകോയില്‍ ചെല്ലുമ്പോള്‍ സബ്സിഡി ഇല്ല. മാവേലി സ്‌റ്റോറില്‍ ചെല്ലുമ്പോള്‍ പഞ്ചാസാര ഇല്ല. പിന്നെ എന്ത് സദസ്സാണ് നടത്തുന്നത്?’-മുരളീധരന്‍ വിമര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ സമയത്ത് ഓണ്‍ ദ സ്പോട്ടിലാണ് പരിഹാരം ഉണ്ടാക്കിയിരുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.