നെടുമ്പാശ്ശേരി അപകടം; പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ നടപടിക്ക് നിർദേശം

  1. Home
  2. Kerala

നെടുമ്പാശ്ശേരി അപകടം; പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ നടപടിക്ക് നിർദേശം

image


എറണാകുളം നെടുമ്പാശ്ശേരിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതിക്ക് മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നടപടിയെടുക്കാൻ എക്‌സൈസ് മന്ത്രിയുടെ നിർദേശം. എക്‌സൈസ് കമ്മീഷണർക്കും എറണാകുളം എക്‌സൈസ് ജോയിന്റ് കമ്മീഷണർക്കുമാണ് മന്ത്രി എം. ലിജു നിർദേശം നൽകിയത്. 19 വയസ്സുകാരനായ പ്രതി വിവിധ ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയിൽനിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് പോകുകയായിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവർ സഞ്ചരിച്ച സ്‌കൂട്ടറിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ് മരിച്ച മൂന്നുപേരും. ഇജാസ് കർണാടക സ്വദേശിയും ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്. നാട്ടുകാരാണ് കാർ ഡ്രൈവറെ പിടികൂടി പൊലീസിന് കൈമാറിയത്. സുഹൈൽ എന്ന 19 വയസ്സുകാരൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മണിക്കൂറിൽ 218 കിലോമീറ്റർ വേഗത്തിലായിരുന്നു കാർ സഞ്ചരിച്ചിരുന്നതെന്നാണ് വിവരം. സുഹൈലിന്റെ പിതാവിന്റെ പേരിലുള്ളതാണ് വാഹനം.അതിനിടെ, വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച പ്രതി സുഹൈൽ സജീവിനെ യുവാവ് മർദിച്ചു. ആശുപത്രിക്ക് പുറത്തുവെച്ചായിരുന്നു കയ്യേറ്റം.