നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസ്; നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ
നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ നാല് പ്രതികളെയും വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് നാളെ വൈകിട്ട് അഞ്ചുവരെ കസ്റ്റഡി അനുവദിച്ചത്. സാക്ഷികളെക്കൊണ്ട് പ്രതികളെ തിരിച്ചറിയുന്നതിനും ഡിജിറ്റൽ തെളിവുകൾ കാണിച്ച് ചോദ്യം ചെയ്യുന്നതിനുമാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.
രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും പ്രതിഭാഗം ഇതിനെ എതിർത്തു. പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും ഇതിനോടകം പ്രചരിച്ച സാഹചര്യത്തിൽ തിരിച്ചറിയൽ പരേഡിന്റെ ആവശ്യമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
സുഹൈൽ സജീവ്, നിനവ്, ജോയൽ, അമീൻ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഇത് രണ്ടാം തവണയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടുന്നത്. അതേസമയം, മിനി കൂപ്പറിന്റെ ഇ.ഡി.ആർ. പരിശോധന സാങ്കേതിക വിദഗ്ധർ തുടരുകയാണ്. ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ മൂന്നാം പ്രതി ജോയൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്
