നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ എംവിഡി; അപകടകാരണം സാങ്കേതികപ്പിഴവല്ലെന്ന് റിപ്പോർട്ട്
നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിന് കുരുക്കായി എംവിഡി റിപ്പോർട്ട്. അപകടസമയത്ത് വാഹനത്തിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് അങ്കമാലി ജോയിന്റ് ആർടിഒയ്ക്ക് കൈമാറി. സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികളും എംവിഡി ആരംഭിച്ചു.
അപകടസമയത്ത് മിനി കൂപ്പർ മണിക്കൂറിൽ 160 കിലോമീറ്ററിലധികം വേഗത്തിലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. അനലിറ്റിക്കൽ ലാബ് റിപ്പോർട്ട് പ്രകാരം സുഹൈലിന്റെ ശരീരത്തിൽ സാധാരണ മദ്യപാനത്തിന്റെ അഞ്ചിരട്ടി അളവിൽ മദ്യം ഉണ്ടായിരുന്നതായും വിവരമുണ്ട്. എംവിഡി റിപ്പോർട്ടിന്റെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥർക്കും കൈമാറിയിട്ടുണ്ട്.
കേസിൽ അന്വേഷണം പൂർത്തിയാക്കി വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കാറിന്റെ ഇഡിആർ (ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ) പരിശോധനാഫലത്തിനായി അന്വേഷണസംഘം കാത്തിരിക്കുകയാണ്. കാറിന്റെ ആർസി ഉടമയായ സുഹൈലിന്റെ മാതാവ് നോഹ സജീവിന്റെ മൊഴിയും ഉടൻ രേഖപ്പെടുത്തും. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഇവർ കഴിഞ്ഞ ദിവസം ഒഴിവാകുകയായിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം അമിതവേഗത്തിലെത്തിയ മിനി കൂപ്പർ സ്കൂട്ടറിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ഇയ്യാസ്, ദേവിക, ഗോപിക എന്നിവർ മരിച്ചിരുന്നു. ചായക്കടയിൽനിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് പോവുകയായിരുന്ന മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൈലിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
