നെടുമ്പാശ്ശേരി വാഹനാപകടം: മിനികൂപ്പറിലുണ്ടായിരുന്ന രണ്ടുപേർ കൂടി കസ്റ്റഡിയിൽ; മദ്യം നൽകിയ മൂന്ന് ബാറുകൾക്കെതിരെ കേസെടുത്തു

  1. Home
  2. Kerala

നെടുമ്പാശ്ശേരി വാഹനാപകടം: മിനികൂപ്പറിലുണ്ടായിരുന്ന രണ്ടുപേർ കൂടി കസ്റ്റഡിയിൽ; മദ്യം നൽകിയ മൂന്ന് ബാറുകൾക്കെതിരെ കേസെടുത്തു

kochi


എറണാകുളം നെടുമ്പാശ്ശേരിയിൽ സ്കൂട്ടറിൽ മിനികൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിനൊപ്പം കാറിലുണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അമീർ, ജോയൽ എന്നിവരാണ് പിടിയിലായത്. അപകടത്തിന് പിന്നാലെ മറ്റൊരു കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെയും സുഹൈലിനൊപ്പം അറസ്റ്റിലായ നിനവിനെയും ഉൾപ്പെടുത്തി വിശദമായ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ചിട്ടും തടയാത്തതിന് ഇവർക്കെതിരെ പ്രേരണാക്കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു.

19 വയസ്സുകാരനായ പ്രതി സുഹൈൽ സജീവിന് പ്രായപൂർത്തിയാകാത്തയാൾക്കും നിയമവിരുദ്ധമായി മദ്യം വിളമ്പിയതിന് എക്സൈസ് വകുപ്പ് കർശന നടപടി സ്വീകരിച്ചു. കടവന്ത്ര ദിയ റീജന്‍സി, പാലാരിവട്ടം മണ്‍സൂണ്‍ എംപ്രസ്, നെടുമ്പാശ്ശേരി മാരിയറ്റ് എന്നീ മൂന്ന് ബാറുകൾക്കെതിരെയാണ് എക്സൈസ് കേസെടുത്തിട്ടുള്ളത്. ബാർ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കനത്ത നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തുണ്ടായ അപകടത്തിൽ ഇജാസ്, ഗോപിക, ദേവിക എന്നീ മൂന്ന് യുവാക്കളാണ് ദാരുണമായി കൊല്ലപ്പെട്ടത്. വാഹനാപകട സമയത്തെ കാറിന്റെ വേഗത കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ നടത്തുന്നതിനൊപ്പം, പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.