നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി കുറ്റം സമ്മതിച്ചു; പിതാവിന്റെ തിരോധാനത്തിലും പുനരന്വേഷണം

  1. Home
  2. Kerala

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി കുറ്റം സമ്മതിച്ചു; പിതാവിന്റെ തിരോധാനത്തിലും പുനരന്വേഷണം

saji


നെടുങ്കണ്ടം പനക്കടവിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി സജി പിടിയിൽ. ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രതി പോലീസിന് മുന്നിൽ കീഴടങ്ങിയത്. കൊലപാതകത്തിന് ശേഷം വീടിന് സമീപത്തെ വനമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. പോലീസ് തിരച്ചിൽ ശക്തമാക്കിയതോടെ വനത്തിൽ നിന്ന് പുറത്തിറങ്ങിയ സജി, തനിക്ക് തെറ്റുപറ്റിപ്പോയെന്ന് നാട്ടുകാരോട് കുറ്റസമ്മതം നടത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

അമ്മ മേരിക്കുട്ടി (65), സഹോദരൻ റജി (42) എന്നിവരെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിയെടുത്ത് ഒരുമിച്ച് മറവു ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സജിയുടെ സഹോദരി സിനി വീട്ടിലെത്തിയപ്പോൾ അമ്മയെയും സഹോദരനെയും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്. പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്.

സജി പിടിയിലായതോടെ 2018 മുതൽ കാണാതായ പിതാവ് മാത്യുവിന്റെ തിരോധാനത്തെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. പിതാവിനെയും സജി കൊലപ്പെടുത്തിയതാകാമെന്ന് സഹോദരി സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ പഴയ കേസ് പുനരന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ചും കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.