നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; പൊലീസ് കേസെടുത്തു
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ഗാന്ധിനഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
കോഴിക്കോട് സ്വദേശികളായ വിനീഷ്-അഞ്ച് ദമ്പതികളുടെ മകളുടെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. പ്രസവശേഷം കുട്ടിയെ എൻഐസിയുവിലേക്ക് മാറ്റിയ സമയത്താണ് ചികിത്സാപ്പിഴവ് സംഭവിച്ചതെന്നാണ് മാതാപിതാക്കളുടെ ആരോപണം.
പരാതിയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ വീഴ്ചകൾ ഒന്നുമുണ്ടായിട്ടില്ല എന്നായിരുന്നു കണ്ടെത്തൽ. അതേസമയം, സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
