എൽപിഎസ്ടി ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കും: വിദ്യാഭ്യാസമന്ത്രി
എൽപിഎസ്ടി ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. ആവശ്യങ്ങളിൽ തീരുമാനമെടുക്കാൻ 45 ദിവസത്തെ സാവകാശം തേടിയതായും മന്ത്രി പറഞ്ഞു.
പ്രധാന അധ്യാപകരുടെ ക്ലാസുകൾ എടുക്കുന്ന അധ്യാപക തസ്തിക പിഎസ്‌സി വഴിയാക്കുന്ന നിയമസാധുത പരിശോധിക്കും. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നത് പരിശോധിക്കും. തസ്തികകൾ ഇല്ലാതെ നോട്ടിഫിക്കേഷൻ ഇറക്കുന്നത് പരിശോധിക്കാൻ പിഎസ്സിയോട് ആവശ്യപ്പെടും. ഡിവിഷൻ ഇല്ലാതാകുന്നത് മൂലം സർവീസിൽ കയറുന്ന ഒരു അധ്യാപകനും ജോലി ന നഷ്ടപ്പെടില്ലെന്നും മന്ത്രി ഉറപ്പ് നൽകി. ആലപ്പുഴയിൽ അധ്യാപകരെ പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിൽ 37 ദിവസമായി തുടരുന്ന എൽപിഎസ്ടി ഉദ്യോഗാർഥികളുടെ നിരാഹാര സമരം താൽക്കാലികമായി പിൻവലിച്ചു. വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.
