നീറ്റ് പരീക്ഷാ ക്രമക്കേട്: മാർച്ചിനിടെ പൊലീസുകാരനെ മർദിച്ച കെഎസ്യു നേതാവിനെതിരെ കേസ്
നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് വയനാട് കൽപ്പറ്റയിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ പൊലീസുകാരനെ ആക്രമിച്ചെന്ന പരാതിയിൽ കെഎസ്യു നേതാവിനെതിരെ കേസെടുത്തു.കെഎസ്യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽ ദാസിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സബ് ഇൻസ്‌പെക്ടർ ബാസിൽ പോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.യൂത്ത് കോൺഗ്രസും കെഎസ്യുവും സംയുക്തമായാണ് കൽപ്പറ്റയിലെ വയനാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.സംഘർഷത്തിനിടെ ഗോകുൽ ദാസ് പൊലീസിനെ ചോദ്യം ചെയ്യുകയും തുടർന്ന് മർദിച്ചെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
