സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം
സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് പരാതി നൽകുന്നതിനായി പുതിയ ക്രമീകരണം ഏർപ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം മൂന്ന് മുതൽ അഞ്ചര വരെയാണ് മുഖ്യമന്ത്രിയെ കാണാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. പുതിയ ക്രമീകരണം ബുധനാഴ്ച മുതൽ നിലവിൽ വരും.
ഈ ദിവസങ്ങളിൽ പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകൾ നേരിടുന്നവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ട് കാണും. ഇവരെ കണ്ടതിന് ശേഷമായിരിക്കും മുഖ്യമന്ത്രി ഓഫിസിൽ എത്തുന്ന മറ്റ് സന്ദർശകരെ കാണുക.
മുൻകൂട്ടി സമയം അനുവദിച്ചിട്ടുള്ളവർക്കും ഈ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി അദ്ദേഹത്തെ കാണാം. മറ്റ് ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് വേഗത്തിൽ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകാനും അനാവശ്യ തിരക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതികൾ നൽകാം. ഇതിനായി വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെ പ്രത്യേകം നിയോഗിച്ച ഉദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കും.
